Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

കേരളം - ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട്, ആരുടെ തലയില്‍ മുളച്ച ആശയമാണെങ്കിലും കെ ടി ഡി സിയുടെ ഈ പരസ്യവാചകം വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന് ഉണ്ടാക്കിക്കൊടുത്ത മൈലേജ് ചെറുതല്ല. കേരളം എന്നതും വിനോദസഞ്ചാരം എന്നതും ഏകദേശം ഒരേ അര്‍ത്ഥത്തിലുള്ള വാക്കുകളായി ആളുകള്‍ ഉപയോഗിച്ചുവരുന്നു ഇപ്പോള്‍. ഇടതിങ്ങിയ പച്ചപ്പ്, ഇടതൂര്‍ന്ന കേരവൃക്ഷങ്ങള്‍, നീണ്ടുനിവര്‍ന്നുകിടക്കുന്ന കടല്‍ത്തീരങ്ങള്‍, കായലുകള്‍, ഹൗസ് ബോട്ടുകള്‍, എണ്ണമറ്റ ക്ഷേത്രങ്ങള്‍, ആയുര്‍വേദ ചികിത്സകള്‍, കനാലുകള്‍, ദ്വീപുകള്‍ എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചില്ലെങ്കില്‍ അതാണത്ഭുതം എന്ന് പറയേണ്ടിവരും.



നാഷണല്‍ ജ്യോഗ്രഫിക്കിന്റെ സന്ദര്‍ശിച്ചിരിക്കേണ്ട ലോകത്തിലെ പത്ത് സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച നാടാണ് കേരളം. ജീവിതകാലത്ത് കണ്ടിരിേക്കണ്ട 50 സ്ഥലങ്ങളുടെ പട്ടികയിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 100 മികച്ച യാത്രകളുടെ പട്ടികയിലും കേരളം ഇടംപിടിച്ചിട്ടുണ്ട്. ഏത് ജില്ലയാകട്ടെ, ഏത് സ്ഥലമാകട്ടെ തങ്ങളെ കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി മനം മയക്കുന്ന കാഴ്ചകളും അതിഥിസല്‍ക്കാരവും നിറയെ കഥകളും കരുതിവെച്ചിട്ടുണ്ടാകും കേരളം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനം തിട്ട, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലെ 14 ജില്ലകളിലും കാഴ്ചകള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.

തിരുവനന്തപുരത്തുനിന്നു തന്നെ തുടങ്ങാം, ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ബീച്ചുകളും നിറഞ്ഞതാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ കാഴ്ചകള്‍. ജലയാത്രകള്‍ സാഹസികയാത്രകളും ബീച്ചുകളും വിനോദങ്ങളും പ്രണയം വഴിയുന്ന ഹില്‍ സ്റ്റേഷനുകളും നിറഞ്ഞതാണ് കേരളത്തിലെ കാഴ്ചകള്‍. വര്‍ക്കല, ബേക്കല്‍, കോവളം, മീന്‍കുന്ന്, പയ്യാമ്പലം, ശംഖുമുഖം, മുഴുപ്പിലങ്ങാട് എന്നിങ്ങനെ പോകുന്നു കേരത്തിലെ ബീച്ച് കാഴ്ചകളുടെ ലിസ്റ്റ്.

ആലപ്പുഴ, കുമരകം, തിരുവല്ലം, കൊല്ലം എന്നിങ്ങനെയുള്ള മനോഹരമായ കായല്‍പ്പരപ്പുകളിലൂടെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവല്ല. കെട്ടുവള്ളങ്ങളും ഹൗസ്‌ബോട്ടുകളും മനോഹരമാക്കുന്ന കായല്‍ക്കാഴ്ചകളും സൗകര്യങ്ങളും വേണ്ടെന്നുവെക്കുന്നതെങ്ങനെ ജലയാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരി? കായല്‍പ്പരപ്പിലെ കെട്ടുവള്ളം മാത്രമല്ല എണ്ണം പറഞ്ഞ കേരളത്തനിമയാര്‍ന്ന വള്ളംകളികളാവട്ടെ, ലോകമെമ്പാടുമുള്ള യാത്രികരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്.

ഇതുകൂടാതെ വേമ്പനാട് കായല്‍, അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, പൂക്കോട് തടാകം, വെള്ളായണി കായല്‍, വീരമ്പുഴ കാായല്‍, പരവൂര്‍ കായല്‍ തുടങ്ങിയവയും കേരളത്തിന്റെ ജലക്കാഴ്ചകള്‍ക്ക് ഓളം പകരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജലതാടകങ്ങളിലൊന്നാണ് വേമ്പനാട് കായല്‍. ഹില്‍േസ്റ്റഷനുകള്‍ കേരളത്തിലെ ഹില്‍സ്റ്റേഷനുകളിലെ പട്ടികയില്‍ ആദ്യം ഇടംപിടിക്കുന്നതാണ് മൂന്നാര്‍.തെക്കേ ഇന്ത്യയിലെ മറ്റു ഹില്‍സ്റ്റേഷനുകളെ അപേക്ഷിച്ച് അധികം കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരിടമാണ് മൂന്നാര്‍ എന്നുവേണമെങ്കില്‍ പറയാം.

വയനാട് പോലെ തന്നെ ഹണിമൂണ്‍ യാത്രികരുടെ പ്രിയപ്പെട്ട കേന്ദ്രമാണ് മൂന്നാറും. വാഗമണ്‍, പൊന്മുടി, തേക്കടി, പീരുമേട് തുടങ്ങിയവയും കേരളത്തിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍പ്പെടുന്നു.രുചികളും സംസ്‌കാരവുംഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ് കേരളം. ഭക്ഷണരുചികളുടെ കാര്യത്തിലായാലും വസ്ത്രരീതിയുടെ കാര്യത്തിലായാലും ജീവിതരീതിയിലായാലും കേരളത്തിന് അതിന്റേതായ ഒരു ശൈലിയുണ്ട് എല്ലാറ്റിനും. നിരവധി നൃത്തരൂപങ്ങളുടെ നാടാണിത്, നാടന്‍കലകളുടെയും നാടകങ്ങളുടെയും നാട്. കഥകളിയും മോഹിനിയാട്ടവും കേരളത്തിന്റെ നാട്യരൂപങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയവയാണ്.ഒപ്പന, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയവ കേരളത്തിന്റെ മത - സാംസ്‌കാരിക രംഗങ്ങളിലെ വൈവിധ്യമാണ് കാണിക്കുന്നത്.

കര്‍ണാടകസംഗീതവും സോപാനസംഗീതവും കൂടിയാട്ടവും തെയ്യവും കേരളത്തിനെ കണ്ടും കേട്ടുമറിയാനുള്ള അവസരമൊരുക്കുന്നു. മുണ്ടും ഷര്‍ട്ടുമാണ് കേരളത്തിന്റെ തനതുവേഷം.പുട്ട്, ഇടിയപ്പം, ഉണ്ണിയപ്പം, പാലടപ്രഥമന്‍, കായ ഉപ്പേരി, കടല്‍വിഭവങ്ങള്‍, കുത്തരിച്ചോറ് എന്നിങ്ങനെ നീണ്ടുനീണ്ടുപോകുന്നതാണ് കേരളത്തിന്റെ തനതുരുചികള്‍. തൂശനിലയില്‍ വിളമ്പിയ സദ്യയാണ് കേരളത്തിന്റെ രുചി തൊട്ടറിയാനുള്ള എളുപ്പവഴി. ഓണസദ്യയുടെ പെരുമതന്നെ മതി ഇതിന് തെളിവായി.

ഒപ്പം കോഴിക്കോടന്‍, തലശ്ശേരി ബിരിയാണിയും പത്തിരിയും കോഴിക്കറിയും.ഹൈന്ദവമതം, ക്രിസ്തുമതം, മുസ്ലിം എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്ന മതങ്ങള്‍. ആരാധനായലങ്ങളുടെ കൂട്ടത്തില്‍ ഒട്ടേറെ ഭഗവിക്ഷേത്രങ്ങള്‍ കാണാം. ചോറ്റാനിക്കര, ആറ്റുകാല്‍, കൊടുങ്ങല്ലൂര്‍, മീന്‍കുളത്തി, മാങ്ങോട്ട്, തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളില്‍ ചിലത്.

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, ശബരിമല അയ്യപ്പക്ഷേത്രം, ഐരാണിക്കുളം മഹാദേവക്ഷേത്രം, വടക്കും നാഥ ക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിനകത്തും പുറത്തുനിന്നുമായി സന്ദര്‍ശകര്‍ എത്തിച്ചേരുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍. ക്ഷേത്രോത്സവങ്ങളും തിടമ്പേറ്റിയ ആനകളും കേരള ടൂറിസത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.

അദൈ്വതചിന്തകനായ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണ്.മലയാറ്റൂര്‍ പള്ളി, കൊച്ചി സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസലിക്ക, കോട്ടയത്തെ സെന്റ് മേരീസ് ഫോറന്‍സ് ചര്‍ച്ച് തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ക്രിസ്തീയ ദേവായലങ്ങള്‍. പഴയങ്ങാടി പള്ളി, മാടായിപ്പള്ളി, ചേരമാന്‍ ജുമാ മസ്ജിദ്, പാളയം പള്ളി, ബിമാപള്ളി, കാഞ്ഞിരമറ്റം പള്ളി, മാലിക് ദിനാര്‍ പള്ളി തുടങ്ങിയവയാണ് പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയങ്ങള്‍. സംസ്‌കാരപ്പെരുമയും നിറയെ കാഴ്ചകളുമുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിശേഷങ്ങളിലേക്ക് വരൂ, ആസ്വദിക്കൂ.

Post a Comment

0 Comments